കുറിച്ച്

തനിമയും തെളിമയും ചോരാത്ത മലയാളത്തിന്റെ വീണ്ടെടുപ്പാണ് പച്ചമലയാളം. കാലംമാറുന്നതനുസരിച്ച് കോലം മാറാതെ സാഹിത്യത്തിന്റെ ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങിപ്പോയ മലയാളത്തെ ശാസ്ത്ര-സാങ്കേതികത്തിന്റെയും അറിവുനേടലിന്റെയും ഭാഷയാക്കി മാറ്റുക എന്നതാണ് പച്ചമലയാളം പ്രോജക്റ്റിന്റെ ഉന്നം. ഈ ഉന്നത്തിലേക്ക് എത്താനായി മണ്‍മറയുന്ന മലയാളത്തിന്റെ വേരുകളെയും വാമൊഴിയെയും വീണ്ടെടുത്ത് മലയാളത്തിന് അതിന്റേതായ ഒരു ഭാഷാതിട്ടപ്പെടുത്തല്‍ കൊണ്ടുവരേണ്ടതുണ്ട്.



പഴമ


മലയാള സാഹിത്യത്തിന്റെ ചരിത്രം ചികയുകയാണെങ്കില്‍ തുടക്കത്തില്‍ ചെന്തമിഴിന്റെയും പിന്നീട് സംസ്കൃതത്തിന്റെയും പിടിയിലകപ്പെട്ടിരുന്ന ഒരു മൊഴിയാണ് മലയാളമെന്ന് കാണാന്‍ കഴിയും. എന്നിരുന്നാലും മലയാളത്തനിമയോടെ നാടന്‍പാട്ടുകളും മറ്റും വാമൊഴിവഴക്കത്തിലൂടെ നിലനിന്നിരുന്നതായും കാണാം. ഇതുതന്നെയാകാം അക്കാലങ്ങളിലും ചെന്തമിഴിന്റെയും സംസ്കൃതത്തിന്റെയും മേല്‍ക്കോയ്മയെ ചെറുത്ത് മലയാളത്തെ മലയാളമായിതന്നെ നിലനിര്‍ത്താന്‍ പല കോണുകളില്‍ നിന്നും എളിയ ശ്രമങ്ങള്‍ ഉണ്ടായിട്ടുള്ളതും. അതിരുവിട്ട സംസ്കൃതവല്‍ക്കരണം മലയാളത്തെ അതിന്റെ തായ്വേരില്‍നിന്നും പിഴിതെറിയുമെന്ന നില വന്നപ്പോഴെല്ലാം യാന്ത്രികമല്ലാതെ പച്ചയായ മലയാളം ചെറുതുരുത്തുകളായി തെളിഞ്ഞുവരുകയുണ്ടായി.

പത്തൊമ്പതാം നൂറ്റാണ്ടില്‍ മലയാള സാഹിത്യത്തിന്റെ തട്ടകത്തില്‍ ഒരു മാറ്റൊലി മുഴങ്ങുകയുണ്ടായി. പതിനഞ്ചാം നൂറ്റാണ്ടില്‍ കൃഷ്ണപ്പാട്ടിലൂടെ ചെറുശ്ശേരിയും പതിനാറാം നൂറ്റാണ്ടില്‍ ജ്ഞാനപ്പാനയിലൂടെ പൂന്താനവും വഴിതെളിച്ച ഒരു എഴുത്തുവഴക്കത്തിന് ആയതിന്റെ അങ്ങേയറ്റം തെളിമയാര്‍ന്ന ഒരു മുഖം മലയാളഭാഷയ്ക്ക് നല്‍കിക്കൊണ്ടാണ് ആ മാറ്റൊലി പൊട്ടിപ്പുറപ്പെട്ടത്. കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ എന്ന പകരംവയ്ക്കാനില്ലാത്ത കവിയുടെ തൂലികയില്‍നിന്നും പാണ്ഡിത്യവാഹിനിയായ സംസ്കൃതത്തിന്റെ നിഴലിലൊതുങ്ങുന്നതല്ല മലയാളം എന്ന് തെളിയിച്ചുകൊണ്ട് പച്ചമലയാളത്തിലെ ഒന്നാമത്തെ കൃതി ഉടലെടുത്തു. പില്‍ക്കാലത്ത് പച്ചമലയാള പ്രസ്ഥാനം എന്നറിയപ്പെട്ട പച്ചമലയാള മുന്നേറ്റം തനിമലയാളത്തിന്റെ മേന്‍മയെ മലയാള സാഹിത്യലോകത്തിന് മുന്നില്‍ അവതരിപ്പിക്കുകയുണ്ടായി.

ഒരു കാലത്ത് ചെന്തമിഴിന്റെ പിടിയിലായിരുന്ന മലയാളം പിന്നീട് സംസ്കൃതത്തിന്റെ കുത്തൊഴുക്കിലകപ്പെട്ടുപോകുകയും സംസ്കൃതമില്ലാതെ മലയാളസാഹിത്യമില്ലെന്ന ഒരു നില വരുകയും ചെയ്തപ്പോള്‍ അന്യമൊഴികളില്‍ നിന്നുള്ള വാക്കുകള്‍ മലയാളത്തിലേക്ക് യാന്ത്രികമായി കടന്നുവരുന്ന ചുറ്റുപാട് ഉടലെടുക്കുകയും അങ്ങനെ മലയാളത്തിന്റെ മലയാളിത്തം ചോര്‍ന്നുപോകുകയും ചെയ്തു. ഈ അവസരത്തിലാണ് കവിയും സംസ്കൃതപണ്ഡിതനുമായ കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ മലയാളത്തില്‍ സാഹിത്യം സൃഷ്ടിക്കാന്‍ അന്യമൊഴിയായ സംസ്കൃതത്തിന്റെ പിന്‍ബലം വേണ്ടതില്ലെന്ന് വരച്ചുകാട്ടാനായി തനിമലയാള വാക്കുകള്‍കൊണ്ട് പച്ചമലയാളത്തില്‍ കവിതകള്‍ എഴുതാന്‍ തുടങ്ങിയത്. പിന്നീട് തമ്പുരാന്റെ ഈ പ്രയത്നം ഏറ്റെടുത്തുകൊണ്ട് കുണ്ടൂര്‍ നാരായണമേനോന്‍ മുതലായ കവികള്‍ മുന്നോട്ടുവരുകയും തമ്പുരാന്‍ തുടക്കമിട്ട എഴുത്തുവഴക്കത്തിനെ ഒരു മുന്നേറ്റമായി വളര്‍ത്തുകയും അത്തരത്തില്‍ മലയാളത്തിന് മലയാളിത്തം തുളുമ്പുന്ന കവിതകള്‍ ഉണ്ടാകുകയും ചെയ്തു. ഈ പരീക്ഷണത്തില്‍ പുതുകാല മലയാളത്തിന്റെ മഹാകവി ഉള്ളൂര്‍ എസ് പരമേശ്വര അയ്യരും പങ്കുചേര്‍ന്നതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.

പുതുകാലത്തിന്റെ വെല്ലുവിളികള്‍ ചെറുതല്ല. പാണ്ഡിത്യവാഹിനിയായിരുന്ന സംസ്കൃതത്തെ എടുത്തുമാറ്റിക്കൊണ്ട് ആ ഇരിപ്പിടത്തിലേക്ക് ഇംഗ്ലീഷ് കടന്നുകയറിയിരിക്കുന്നു. തക്കനേരത്ത് വേണ്ടതുചെയ്യാതെ, അതായത് മലയാളത്തെ ശാസ്ത്ര-സാങ്കേതികത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും ഭാഷയാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ക്കു പകരം അറിവുള്ളവരും അറിവില്ലാത്തവരും എന്ന വേര്‍തിരിവ് സമൂഹത്തില്‍ നിലനില്‍ക്കണമെന്ന ദുരുദ്ദേശത്തോടുകൂടി അന്നത്തെ പണ്ഡിതവര്‍ഗ്ഗം ഇംഗ്ലീഷിനെ ഇരുകയ്യും നീട്ടി വരവേല്‍ക്കുകയാണ് ചെയ്തത്. മലയാളത്തിന്റെ ഉടപ്പിറപ്പായ തമിഴില്‍ ഉണ്ടായതുപോലെ ഭാഷാവികസനത്തിന്റെ ശ്രമങ്ങള്‍ മലയാളത്തില്‍ ഉണ്ടായില്ല. അത്തരത്തില്‍ പുതിയമാറ്റങ്ങളും കണ്ടുപിടുത്തങ്ങളുമില്ലാതെ മലയാളം മുരടിച്ചുപോയിരിക്കുന്നു.

പച്ചമലയാളം പ്രോജക്റ്റ്


ശാസ്ത്ര-സാങ്കേതിക വാക്കുകള്‍ മലയാളത്തില്‍ നിര്‍മ്മിക്കാന്‍ സംസ്കൃതം കൂടിയേതീരു എന്നത് ഒരു വലിയ തെറ്റിദ്ധാരണയാണ്. ഇത് മലയാളത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയല്ലാതെ മറ്റൊരു നേട്ടവും മലയാളത്തിനു സമ്മാനിച്ചിട്ടില്ല. തമിഴ് മൊഴിയില്‍ ശാസ്ത്ര-സാങ്കേതിക വാക്കുകള്‍ ഉരുവാക്കുന്നത് സംസ്കൃതത്തിന്റെ പിന്തുണയോടുകൂടിയല്ല. മലയാളത്തോട് വളരെ അടുപ്പമുള്ള ഭാഷയാണ് തമിഴ്. തമിഴിന് അതിന്റേതായ മാതൃക ഉണ്ടാക്കാന്‍ കഴിയുമെങ്കില്‍ തീര്‍ച്ചയായും അത് മലയാളത്തിലും കഴിയും എന്നതില്‍ യാതൊരു ഉറപ്പുകേടും വേണ്ട. ജനിതകപരമായി മലയാളവുമായി യാതൊരു ബന്ധവുമില്ലാത്ത ഭാഷയാണ് സംസ്കൃതം. മലയാളത്തിന്റെ വ്യാകരണം സംസ്കൃതത്തില്‍നിന്നും വളരെ വ്യത്യസ്തമാണ്. മലയാളത്തിന്റെ വാമൊഴിയില്‍ സംസ്കൃതത്തിന്റെ മേല്‍ക്കോയ്മ കാണാന്‍ കഴിയാത്തത് മലയാളത്തിന്റെ തനതായ രൂപത്തില്‍ സംസ്കൃതം അന്യമാണെന്നതിനുള്ള മറ്റൊരു തെളിവുകൂടിയാണ്.


ചുരുക്കത്തില്‍


പച്ചമലയാളം പ്രോജക്റ്റിനോട് ഇണങ്ങുന്ന തരത്തില്‍ പലരും മലയാളത്തില്‍ പദനിര്‍മ്മിതി നടത്തിയിട്ടുണ്ട്. അതിലൊരാളാണ് ടി. കെ ജോസഫ്. അദ്ദേഹം തന്റെ പുസ്തകത്തില്‍ പ്രസിദ്ധീകരിച്ച ചില വാക്കുകള്‍ ചുവടെ;
കൊടിമിന്നല്‍ - forked lightning, നൊറിമിന്നല്‍ - Aurora, ഈയക്കരി - graphite, നീരം - liquid, നീള്‍ചുരുള്‍ - solenoid, തന്‍പാടായി - automatically

പി.പി രാമചന്ദ്രന്‍ മുന്നോട്ടുവച്ച ചിലവാക്കുകള്‍ ചുവടെ; തിരമൊഴി - hypertext (തിരയില്‍ തെളിയുന്ന ഭാഷ), ചൂണ്ടെലി - computer mouse (ചൂണ്ടുന്ന എലി)

മേല്‍പ്പറഞ്ഞ തരത്തിലുള്ള പദനിര്‍മ്മിതി വളരെ ലളിതവും മലയാളത്തനിമയുള്ളതും ഭാഷയുടെ ഘടനയ്ക്കു കോട്ടവരുത്താത്തതുമാകുന്നു. ഈ രീതിയിലാണ് മലയാളത്തിന് അതിന്റേതായ ഒരു ഭാഷാപദ്ധതി കൊണ്ടുവരേണ്ടത്.